തൃപ്പൂണിത്തുറ: അത്തം ഘോഷയാത്രയിൽ നിശ്ചല ദൃശ്യങ്ങളിൽ ഒന്നാംസ്ഥാനം നേടിയ 'പാഞ്ചാലി വസ്ത്രാക്ഷേപം' സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമാകുന്നു. കാഴ്ചയിൽ യാതൊരുവിധ സപ്പോർട്ടും ഇല്ലാതെ വായുവിൽ ഉയർന്നുനിൽക്കുന്ന ശ്രീകൃഷ്ണനാണ് ഈ നിശ്ചല ദൃശ്യത്തെ സമൂഹമാധ്യമങ്ങളിലടക്കം ചർച്ചയാക്കിയത്.
നിശ്ചലദൃശ്യത്തിലെ സാങ്കേതിക മികവും ഫിനിഷിംഗിലെ തികവുമാണ് കാണികളുടെ ശ്രദ്ധയാകർഷിച്ചതോടൊപ്പം ഒന്നാം സ്ഥാനത്തിനും അർഹത നേടിക്കൊടുത്തത്. ഹസ്തിനപുരത്തിൽ നടന്ന ചൂതുകളിയിൽ പന്തയത്തിലൂടെ യുധിഷ്ഠിരന് നഷ്ടപ്പെടുത്തേണ്ടി വന്ന ദ്രൗപദിയെ (പാഞ്ചാലി) രാജസഭയിൽ വച്ച് ദുര്യോധനന്റെ നിർദേശപ്രകാരം സഹോദരനായ ദുശാസനൻ വസ്ത്രാക്ഷേപം ചെയ്തപ്പോൾ ശ്രീകൃഷ്ണൻ ഇടപെട്ട് പാഞ്ചാലിയുടെ മാനം രക്ഷിച്ചതിനെ ആസ്പദമാക്കി രൂപകൽപ്പന ചെയ്ത പ്ലോട്ടിൽ ശ്രീകൃഷ്ണൻ വായുവിൽ ഉയർന്നുനിന്ന് പാഞ്ചാലിയുടെ അഴിഞ്ഞു വീഴുന്ന വസ്ത്രം അവസാനമില്ലാതെ നീണ്ടുകൊണ്ടിരുന്ന രംഗമാണ് ശ്രദ്ധേയമാക്കിയത്.
മികവാർന്ന രൂപകൽപ്പനയിലൂടെ സാരിക്കുള്ളിലൂടെ മറച്ച ഇരുമ്പ് റാഡിന്റെ മറുതലയ്ക്കൽ ശ്രീകൃഷ്ണന് നിൽക്കാൻ പാകത്തിൽ കാലിലെ പാദരക്ഷയുടെ മറവിൽ ഒളിപ്പിച്ച ഇരുമ്പ് പ്ലേറ്റുകളും അതിനനുസൃതമായി കൈകൾക്കും ശരീരഭാഗങ്ങൾക്കും കൊടുത്ത സപ്പോർട്ടിംഗുമാണ് ഒറ്റ നോട്ടത്തിൽ ശ്രീകൃഷ്ണൻ വായുവിൽ നിൽക്കുന്നതായി തോന്നിച്ചത്.
വെൽഡേഴ്സ് ചോയ്സ് ഉടമ ദിനേശന്റെ നേതൃത്വത്തിൽ എരൂർ അയിരേറ്റിൽ ബ്രദേഴ്സാണ് ഒരാഴ്ചയോളം സമയമെടുത്ത് നിശ്ചലദൃശ്യം ഘോഷയാത്രയ്ക്കായി അണിയിച്ചൊരുക്കിയത്. ഒന്നേകാൽ ലക്ഷം രൂപയോളം ചെലവു വന്ന പ്ലോട്ടിനായി 40,000 ത്തിലധികം രൂപയുടെ ഇരുമ്പ് സാമഗ്രികൾ വേണ്ടി വന്നു. വിവിധ കഥാപാത്രങ്ങളായി 16 പേരായിരുന്നു നിശ്ചല ദൃശ്യത്തിലുണ്ടായിരുന്നത്. വർഷങ്ങളായി തുടർച്ചയായി ഘോഷയാത്രയിൽ നിശ്ചലദൃശ്യങ്ങൾ ഇറക്കുന്ന അയിരേറ്റിൽ ബ്രദേഴ്സിന് 2014, 2015 വർഷങ്ങളിൽ ഒന്നാം സ്ഥാനവും ലഭിച്ചിട്ടുണ്ട്.